Kerala
കൊച്ചി: മുവാറ്റുപുഴയിൽ കടയുടെ തിണ്ണയിൽ നിന്ന് അടയ്ക്ക മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ(42) ആണ് അറസ്റ്റിലായത്.
മുവാറ്റുപുഴ പൊലി ആണ് ഇയാളെ അറസ്റ്റ് പെയ്തത്. ഇയാളിൽ നിന്ന് മോഷണമുതൽ കണ്ടെടുത്തു.
25ന് പകൽ ആണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്ത് മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിക്കുകയായിരുന്നു.
മോഷണങ്ങൾ തടയുന്നതിനായി മുവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നിർദേശ പ്രകാരം മുവാറ്റുപുഴ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് പെയ്തത്.
നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. ശ്രീ ധനലക്ഷ്മി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്.
സംഭവത്തെ തുടർന്ന് എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്. സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
സെപ്റ്റംബർ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കുണ്ടറ: കുണ്ടറയിലും പരിസരപ്രദേശങ്ങളിലും നിര്മാണത്തിലിരിക്കുന്ന വീടുകളില്നിന്നും കെട്ടിടങ്ങളില്നിന്നും ഇലക്ട്രിക് വയറുകള് മോഷ്ടിക്കുന്നത് തുടര്ക്കഥയാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ വയറിംഗ് സാമഗ്രികളാണ് ഇതിനകം പ്രദേശത്ത് നിന്ന് നഷ്ടപ്പെട്ടത്.
മൂന്നു മാസം മുന്പ് നടന്ന മോഷണത്തില് പോലും മോഷ്ടാക്കളെ കണ്ടെത്താന് കഴിയാത്തതിനാല് സംഭവത്തില് നാട്ടുകാരും കെട്ടിട ഉടമകളും ആശങ്കയിലാണ്.
ഇളമ്പള്ളൂര് സ്വദേശിയും പ്രവാസിയുമായ സുധീറിന്റെ ചിറയില് മുസ്ലിം പള്ളിക്ക് സമീപം നിര്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലും, കല്ലട സ്വദേശി ഡോ. കിരണിന്റെ കച്ചേരിമുക്ക് മൃഗാശുപത്രിക്ക് സമീപം നിര്മാണം നടക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസങ്ങളില് വയര് മോഷണം നടന്നത്. ഡോ. കിരണിന്റെ വീട്ടില് രണ്ടു തവണയാണ് മോഷണം നടത്തിയത്.
ജൂണില് കുണ്ടറ മുക്കടയിലെ മൂന്നു സ്ഥാപനങ്ങളില് ഒരാഴ്ചക്കുള്ളില് അഞ്ചു തവണയാണ് മോഷണം നടന്നത്. മുക്കട ജംഗ്ഷനിലെ മഹിമ ടെക്സ്റ്റയില്സ്, ജ്യോതി പ്രകാശ് വെജിറ്റേറിയന് റെസ്റ്റോറന്റ്, വൈറ്റ് പേള് ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
മുക്കട വൈറ്റ് പേള് സ്ഥാപനത്തിലെ പുരയിടത്തിലെ കിണറ്റില് വച്ചിരുന്ന മോട്ടറും ജ്യോതി പ്രകാശ് റെസ്റ്റോറന്റിലെയും മഹിമ ടെക്ക്സ്റ്റേയില്സിലെയും പുരയിടത്തിലെ കിണറ്റില് വച്ചിരിക്കുന്ന മോട്ടറില് നിന്നും ബില്ഡിംഗിലേക്ക് കണക്ഷന് എടുത്ത അറുപതു മീറ്ററോളം ഇലക്ട്രിക്ക് കേബിളും ആണ് മോഷണം പോയത്.
ജ്യോതി പ്രകാശ് റെസ്റ്റോറന്റില് മൂന്നു തവണ മോഷണം നടന്നു. ഒരു മീറ്ററിന് 120 രൂപ വിലയുള്ള കേബിള് ആണ് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലിസിന് ലഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കുണ്ടറ പൊലിസ് സ്റ്റേഷനില് മുന്പ് ഉണ്ടായിരുന്നതിന്റെ പകുതി ഉദ്യോഗസ്ഥര് മാത്രമേ ഉള്ളൂ എന്നതും മോഷണം കൂടാന് കാരണമായിട്ടുണ്ടെന്ന് അധികാരികള് പറയുന്നു.
Kerala
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയില്നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്ണാഭരണങ്ങള് മോഷ്ടിച്ചു വില്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചീരംതുടിയില് വീട്ടില് രാഹുലിനെ (27) യാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്.
2025 ജനുവരി മുതല് 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണു മോഷണം നടത്തിയത്. പ്രസ്തുത കാലയളവില് ജ്വല്ലറിയില്നിന്നു പലതവണയായി 428 ഗ്രാം സ്വര്ണാഭരണങ്ങള് കൈക്കലാക്കിയശേഷം മറ്റൊരാള്ക്ക് മറിച്ചുവിൽക്കുകയായിരുന്നു.
സ്വര്ണാഭരണങ്ങളുടെ സ്റ്റോക്കില് നിരന്തരം കുറവ് വരുന്നതില് സംശയം തോന്നിയ ഉടമകള് ജീവനക്കാരെ നിരന്തരം നിരീക്ഷണം നടത്തിയാണു അസിസ്റ്റന്റ് മാനേജരായ പ്രതിയെ തിരിച്ചറിഞ്ഞത്.
ഉടമയുടെ പരാതിയില് പൊലിസ് കേസെടുത്തു നടത്തിയ അന്വേഷണത്തില് ജ്വല്ലറിയിലെ ലോക്കറില് ഉപഭോക്താക്കൾ ഏല്പ്പിച്ചിരുന്ന സ്വര്ണാഭരണങ്ങളില്നിന്ന് പ്രതി അനധികൃതമായി സ്വര്ണം കൈക്കലാക്കിയാണ് കളവു നടത്തിയതെന്ന് തെളിഞ്ഞു. തൃശൂരില് വച്ചാണ് പ്രതി പിടിയിലായത്
Kerala
കോതമംഗലം: കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് കവർച്ച. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം.
രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവന് സ്വര്ണം കവര്ന്നു. പുല്ലായിക്കാട്ട് സഹല് സിദ്ദിഖിന്റെ വീട്ടിലാണ് ഇന്ന് പുലര്ച്ചെ മോഷണം നടന്നത്. ബുധനാഴ്ച രാത്രി ബന്ധുവിനെ വിമാനത്താവളത്തില് നിന്നും കൊണ്ടുവരാനായി വീട്ടിലുള്ളവര് പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുന്ഭാഗത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കള് അകത്തു കടന്നത്. 11 പവന് സ്വര്ണവും 25,000 രൂപയും മോഷ്ടാക്കള് കവര്ന്നു. രാവിലെ വിമാനത്താവളത്തില് നിന്നും മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര് അറിയുന്നത്. പോത്താനിക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ട്രെയിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രയ്ക്കിടയിലെ കവര്ച്ച തടയുന്നതിനുമായി കേരള റെയില്വേ പൊലിസ് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പ്രത്യേക പരിശോധനയില് 48 മോഷ്ടാക്കള്ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമായി അറസ്റ്റിലായ പ്രതികളെ റിമാന്ഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ റെയില്വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് നടത്തിയ ഊര്ജിത അന്വേഷണത്തിലാണ് പ്രതികള് വലയിലായത്.
രാത്രികാലങ്ങളില് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങിക്കിടക്കുന്ന യാത്രക്കാരേയും തിരക്കുള്ള ട്രെയിനുകളില് യാത്ര ചെയ്യുന്നവരേയും ആണ് മോഷ്ടാക്കള് ലക്ഷ്യമിടുന്നത്.
മോഷണം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില് സൈബര് സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹകരണത്തോടെ റെയില്വേ പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങള്ക്കൊടുവിലാണ് പ്രതികള് പിടിയിലായത്.
അറസ്റ്റിലായവരില് നിന്ന് 30 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകള് പൊലിസ് പിടിച്ചെടുത്തു. ഇതില് 54 മൊബൈല് ഫോണുകള്, രണ്ടു ലാപ്ടോപ്പുകള്, സ്വര്ണാഭരണങ്ങള്, 90,000 രൂപ, ചാര്ജറുകള്, മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള് എന്നിവ ഉള്പ്പെടുന്നു.
പിടിച്ചെടുത്ത ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും യഥാര്ഥ ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്കാനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ട്രെയിനുകളിലും റെയില്വേ സ്റ്റേഷന് പരിസരങ്ങളിലും നിരീക്ഷണവും പരിശോധനകളും കൂടുതല് കര്ശനമാക്കുമെന്നും കേരള റെയില്വേ പൊലിസ് വ്യക്തമാക്കി.
National
ലൗക്നോ: അയോധ്യ രാമക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കേസുകളുടെ എണ്ണം 70ൽ നിന്ന് 105-ആയി ഉയർന്നെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
കുറ്റകൃത്യങ്ങളിൽ ബിജെപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച അഖിലേഷ് ഇതുസംബന്ധിച്ചുള്ള വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. മോഷണദൃശ്യങ്ങൾ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം 25നുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.
സർക്കാർ മേൽനോട്ടത്തിൽ നടന്നിട്ടുള്ള മോഷണം മതപരമായ ഫണ്ടുകളുടെ ദുരുപയോഗമാണ്. ഭക്തിയോടെ പണം സംഭാവനചെയ്ത വിശ്വാസികളെ ബിജെപി വഞ്ചിച്ചു. ഇത് സനാതനധർമ വിശ്വാസികൾ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്- അഖിലേഷ് പറഞ്ഞു.
ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായെന്നും അയോധ്യസംഭവം യുപിയിലും രാജ്യത്തും വിദേശത്തും പാർട്ടിക്ക് അപകീർത്തിയുണ്ടാക്കിയെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: വീട് കുത്തിത്തുറന്ന് 55 പവൻ സ്വർണം മൂന്നര ലക്ഷം രൂപയും കവർന്നതായി പരാതി. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽ നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
തൃശൂർ സിറ്റി പൊലിസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പൊലിസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
നിലന്പൂർ: ഇടിവണ്ണയിൽ വീട്ടിൽ കയറി മോഷണ ശ്രമം. ദൃശ്യം സിസിടിവിയിൽ പതിഞ്ഞറിഞ്ഞത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ മോഷ്ടാവിന്റെ പാദരക്ഷയും ഉടുമുണ്ടും നഷ്ടപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ കുന്നേൽ അനിൽകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി 11.45ഓടെ മോഷണ ശ്രമം നടന്നത്.
മോഷ്ടാവിന്റെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞതോടെ സിസിടിവിയുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ സിഗ്നൽ ശബ്ദം വന്നു. ഇതോടെ അനിൽകുമാറിന്റെ മകൻ അഖിൽ വീടിന്റെ വാതിൽ തുറന്നതോടെ മോഷ്ടാവ് ഓടി മറിഞ്ഞു.
മകൻ ശബ്ദമുണ്ടാക്കിയതോടെയാണ് എഴുന്നേറ്റതെന്ന് അനിൽകുമാറിന്റെ ഭാര്യ ശ്രീകല പറഞ്ഞു. ഓടുന്നതിനിടയിൽ വീണുപോയ മോഷ്ടാവിന്റെ ചെരിപ്പും ഉടുത്തിരുന്ന മുണ്ടും വീടിന്റെ പരിസരത്തുണ്ട്. മോഷ്ടാവ് ഓടുന്നതിനിടയിൽ ചെടിച്ചട്ടികൾ പൊട്ടിയ നിലയിലും കാണപ്പെട്ടു. വീടിന് പിൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കന്പിവേലി ചാടി കടന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
വീടിന്റെ മുന്നിൽ നിൽക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. വീട്ടുകാർ നിലന്പൂർ പോലിസിൽ പരാതി. നൽകി. പൊലിസെത്തി പരിശോധന നടത്തി. അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് മോഷണശ്രമം നടന്നത് ആശങ്ക ഉളവാക്കുന്നു.
District News
പൂവാർ : വേങ്ങപ്പൊറ്റ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന എസ്എൻഡിപി യോഗം ശാഖയിലെ ഗുരുമന്ദിരത്തിൽ മേഷണം. മുന്നിൽ സ്ഥാപിച്ചിരുന്ന സ്റ്റീലിൽ പണികഴിപ്പിച്ച കാണിക്കപ്പെട്ടിയാണ് മോഷണം പോയത്. ഇതിനെതിരേ ശാഖ ഭാരവാഹികൾ കാഞ്ഞിരംകുളം പൊലിസിൽ പരാതിനൽകി. അന്വേഷണം ആരംഭിച്ചതായി കാഞ്ഞിരംകുളം എസ്ഐ ബിനുമോഹൻ പറഞ്ഞു.
എന്നാൽ സമീപപ്രദേശങ്ങളിലെ വീടുകളിലും സമാനമായ മോഷണം നടക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ ചിലരുടെ ഒത്താശയോടെയാണു മോഷണങ്ങൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. അടുത്തകാലത്തായി പ്രദേശത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടം വർധിച്ചതായും മോഷണങ്ങൾക്കു പിന്നിൽ ലഹരി സംഘങ്ങളാണെന്നും നാട്ടുകാർ ആരോപിച്ചു.
Kerala
കൊച്ചി: പനമ്പിള്ളി നഗർ കയർ ബോർഡ് ഗസ്റ്റ് ഹൗസിൽ നിന്ന് 26,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലിസ് കേസെടുത്തു. പതിനായിരം രൂപ വില വരുന്ന ടാപ്പുകൾ, പതിനായിരം രൂപ വില വരുന്ന അലുമിനിയം ഉരുളി, ബിരിയാണി പാത്രം, വലിയ ചൂടാറാത്ത പാത്രം എന്നിവയും ആറായിരം രൂപ വില വരുന്ന ഇലക്ട്രിക് മോട്ടറുമാണ് മോഷണം പോയത്.
ബുധനാഴ്ച വൈകിട്ട് ഏഴിനും വ്യാഴാഴ്ച രാത്രി ഒമ്പതിനുമിടയിലാണ് മോഷണം നടന്നതായാണ് സംശയിക്കുന്നത്. ഗസ്റ്റ് ഹൗസ് കെയർ ടേക്കർ മരട് സ്വദേശി അനൂപ് ഗോപിനാഥിന്റെ പരാതിയിലാണ് കേസെടുത്തത്.
മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷണം. സൗത്ത് പൊലിസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
District News
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി ആന്റണിയുടെ ഉടമസ്ഥതയിലുള്ള തേയ്ക്കാനത്ത് ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് കടയിൽ മോഷണം. ജാതിപത്രി, ജാതിപ്പരിപ്പ്, ജാതി ഫ്ളവർ, ജാതിക്കായ, അടക്ക, തേങ്ങ തുടങ്ങിയവയാണ് മോഷണം പോയത്.
ബുധനാഴ്ച രാത്രി 11.55ഓടെ രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സമീപത്തെ ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളുടെ അരയ്ക്ക് താഴെയുള്ള ഭാഗം മാത്രമാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കല്ലുപയോഗിച്ച് ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയിട്ടുള്ളത്. പൊലിസ് അന്വേഷണം തുടങ്ങി.
ചെങ്ങമനാട് മേഖലയിലെ മോഷണം ഇല്ലായ്മ ചെയ്യാൻ പൊലിസ് ജാഗ്രതപാലിക്കണമെന്ന് ചെങ്ങമനാട് മർച്ചന്റ്സ് അസോ. പ്രസിഡന്റ് ടി.എസ്. മുരളി, ജനറൽ സെക്രട്ടറി ടി.ഡി. സുബ്രഹ്മണ്യൻ എന്നിവർ ആവശ്യപ്പെട്ടു.
District News
മാവടിയിൽ 12 കിലോ പച്ച ഏലക്കയുമായി മൂന്ന് പേർ പിടിയിൽ
നെടുങ്കണ്ടം: ഏലക്കാ വിളവെടുപ്പ് സജീവമായതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ മോഷണവും വർധിച്ചു. തോട്ടങ്ങളിൽനിന്നു പച്ച ഏലക്ക മോഷ്ടിച്ചുകടത്തുന്ന സംഘങ്ങൾക്കെതിരേ കർഷകരും തോട്ടം ഉടമകളും ജാഗ്രത ശക്തമാക്കുന്നതിനിടെ മാവടിയിൽ 12 കിലോയോളം പച്ച ഏലക്ക മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിലായി. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശികളായ അശോക് (25), വിഘ്നേഷ് (30), കരുണാപുരം സ്വദേശി സൂരജ് (22) എന്നിവരെയാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കാറിലെത്തിയ സംഘം കൈലാസനാട് മാവടി വിലക്ക് ഭാഗത്തെ ചിന്നത്തോട്ടം എസ്റ്റേറ്റിൽ കയറി ഏലക്ക പറിച്ചെടുക്കുകയായിരുന്നു. തോട്ടത്തിൽനിന്ന് ഏലക്ക മോഷ്ടിക്കുന്നതു മേൽനോട്ടക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ മൂവരെയും പിടികൂടി പൊലിസിന് കൈമാറി.
District News
സുൽത്താൻ ബത്തേരി: ബത്തേരി പൊലിസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ലഹരി വസ്തുക്കൾ മോഷണം പോയത് അംഗീകരിക്കാൻ പറ്റാത്തതെന്ന് കേരളാ കോണ്ഗ്രസ്-ജോസഫ് ബത്തേരി മുനിസിപ്പൽ കമ്മിറ്റി വിലയിരുത്തി. ജനമൈത്രി പൊലിസ് സംവിധാനത്തിൽ എണ്ണപ്പെട്ട പൊലിസ് സ്റ്റേഷൻ കൂടിയാണ്.
മറ്റ് പൊലിസ് സ്റ്റേഷനെ സംബദ്ധിച്ച് മുനിരയിൽ നിൽക്കുന്പോൾ ഒറ്റപ്പെട്ട സംഭവം പെരുപ്പിച്ച് കാണിക്കുന്നതിൽ കഴന്പില്ല. ഒരു പൊലിസ് ഉദ്ദ്യോഗസ്ഥന്റെ നെറികെട്ട പ്രവർത്തി മറ്റ് മുഴുവൻ പൊലിസുകാരെയും മുൾമുനയിൽ നിർത്തുന്നത് പൊലിസ് സേനയെ നിർവീര്യമാക്കുന്നതിനുവരെ കാരണമാവുകയും പൊതുജനങ്ങളിൽ ആശങ്കയ്ക്ക് വഴി തെളിയിക്കുമെന്നും യോഗം വിലയിരുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രഭാകരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി. ജോർജ്, സെക്രട്ടറി സ്റ്റീഫൻ സാജു, ശിവദാസ് കെ. മോസസ് സജി, ഓമന ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: കോതനല്ലൂരിന് പിന്നാലെ കല്ലറയിലും നിര്മാണത്തിലിരിക്കുന്ന വീട്ടിൽനിന്നു കേബിള് മോഷണം. കല്ലറ പഞ്ചായത്തിലെ പെരിയാര്കുളങ്ങര ജംഗ്ഷനു സമീപം നിര്മാണത്തിലിരിക്കുന്ന ജിജി മണ്ണാട്ട് പറമ്പലിന്റെ വീട്ടില് നിന്നുമാണ് വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കേബിളുകള് മോഷണം പോയത്. 1,26,000 രൂപയുടെ കേബിളുകളാണ് മോഷണം പോയതെന്ന് നിര്മാണച്ചുമതലയുള്ള കരാറുകാരന് ഷിബി ഐക്കരപ്പറമ്പില് പറഞ്ഞു. ഇതു സംബന്ധിച്ചു കല്ലറ പോലീസ് സ്റ്റേഷനില് പരാതി നല്കി.
മോഷ്ടാക്കളെന്ന് സംശയം തോന്നുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലിസ് പറയുന്നു. ഫിംഗര് പ്രിന്റുകള് ശേഖരിച്ചു പൊലിസ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. കോതനല്ലൂര്, ചാമക്കാല പ്രദേശങ്ങളില് നിര്മാണത്തിലിരിക്കുന്ന വീടുകള് കേന്ദ്രീകരിച്ചു മോഷണം നടന്നതിന് പിന്നാലെയാണ് കല്ലറയിലും മോഷണം നടന്നത്. വീടുകളുടെ വയറിംഗ് സാധനസാമഗ്രികളും പണിസാധനങ്ങളുമാണ് മോഷണം പോകുന്നത്.
ഞായറാഴ്ച രാത്രിയിലാണ് കോതനല്ലൂര് തുവാനിസ പ്രദേശത്ത് നിര്മാണത്തിലിക്കുന്ന വില്ലയിലെ മൂന്ന് വീടുകളില്നിന്നു വയറിംഗ് സാമഗ്രികളും മോട്ടോറുകളും കടത്തിക്കൊണ്ടു പോയത്. ലക്ഷക്കണക്കിന് രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷ്ടിച്ചത്. വയറിംഗിന് പൈപ്പിലൂടെ വലിച്ചിട്ടിരുന്ന കേബിളുകള് വലിച്ചെടുത്ത് കടത്തുകയായിരുന്നു. ഇത്തരത്തില് മൂന്ന് വീടുകളുടെ വയറുകളാണ് മോഷ്ടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കേബിളുകളും അനുബന്ധ സാധനങ്ങളുമാണ് അവിടെനിന്നു മോഷ്ടിച്ചത്. പണിക്കാരുടെ ഉപകരണങ്ങളും മോഷ്ടിച്ചവയിലുണ്ട്. ഫോറന്സിക് സംഘവും കടുത്തുരുത്തി പൊലിസും സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞദിവസം ചാമക്കാല എടാട്ട് അനീഷിന്റെ വീട്ടിലും സമാനരീതിയില് മോഷണം നടന്നിരുന്നു. അവിടെനിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വയറിംഗ് സാധനങ്ങളാണ് നഷ്ടപ്പെട്ടത്. നിര്മാണത്തിലിരിക്കുന്ന വീടാണ് ഇതും. കോതനല്ലൂര് ഫൊറോനാ പള്ളിയുടെ സമീപത്തെ മറ്റൊരു വീട്ടില്നിന്നു മാസങ്ങള്ക്ക് മുമ്പും സമാന രീതിയില് മോഷണം നടന്നിരുന്നു. തുടർച്ചയായി മോഷണം നടക്കുന്നതോടെ നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തിയിലാണ്. പൊലിസ് പട്രോളിംഗ് ഉള്പ്പെടെയുള്ള നടപടികള് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയിരൂർ സ്വദേശി അജിത്(30) ആണ് കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളാണ് കവർച്ച ചെയ്യപ്പെട്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അയിരൂർ പൊലിസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
District News
മുക്കം: ഭക്തി നടിച്ച് മസ്ജിദുകളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച് മുങ്ങുന്ന യുവാവ് ഒടുവി പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ നിരവധി മസ്ജിദുകളിലെ ബാറ്ററികൾ മോഷണം നടത്തിയ യുവാവാണ് ഒടുവിൽ മുക്കം പൊലിസിന്റെ വലയിലായത്. മുക്കം തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് പിടിയിലായത്.
വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിൽ എത്തിയായിരുന്നു മോഷണം. ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസമായി ഇയാൾ ഈ രീതിയിൽ മോഷണം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടുകൂടി മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്ന് ഇയാൾ ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിന്റെ താവളം പെരിങ്ങൊളത്തെ ഒരു റൂം ആണെന്ന് തിരിച്ചറിയുകയും വിവരം ഉടൻതന്നെ മുക്കം പൊലിസിനെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസെത്തി റൂം തുറന്ന് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വച്ച് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ രണ്ട് ജില്ലകളിലെയും നിരവധി പള്ളികളിൽ നിന്ന് മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു.സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൽപ്പറ്റ: സുൽത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പൊലിസുകാരന് സസ്പെൻഷൻ. സീനിയർ സിവിൽ പൊലിസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശിപാർശ ചെയ്തു.
കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായതായി കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന് വ്യക്തമായതോടെ സ്റ്റേഷനിലെ പൊലിസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സബിത്ത് കുടുങ്ങിയത്.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. ജൂലൈ 18ന് രാത്രി 12ന് ശേഷമാണ് സബിത്ത് ഹാൻസ് കടത്തിയതെന്നാണ് പൊലിസ് പറയുന്നത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയത്.
ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഇയാൾ പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു.
Kerala
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിലും സമീപ പ്രദേശങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള കണ്ടെയ്നർ ലോറികളിൽ നിന്നും ട്രെയിലറുകളിൽ നിന്നും ബാറ്ററികൾ മോഷണം നടത്തി വന്നിരുന്ന രണ്ടു പേർ അറസ്റ്റിൽ.
എറണാകുളം നെട്ടൂർ കളത്തിപറമ്പിൽ വീട്ടിൽ ഷൈജു (39), ചോറ്റാനിക്കര കുരീക്കാട് ചാണയിൽ വീട്ടിൽ ഷഹീർ (36) എന്നിവരാണ് ഹാർബർ പൊലിസിന്റെ പിടിയിലായത്.
അഞ്ചിന് പുലർച്ചെ രണ്ടിന് വില്ലിംഗ്ടൺ ഐലൻഡ് - മട്ടാഞ്ചേരി ഹാൾട്ടിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഐസിടി ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ കണ്ടെയ്നർ ലോറിയിൽ നിന്നും 11,000 രൂപ വിലവരുന്ന ബാറ്ററികൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
ഡിസിപി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ ഹാർബർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ എ. അജിത്ത്, ടൗൺ സൗത്ത് എസ്എച്ച്ഒ റിജിൻ എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
District News
അടൂർ: വീടിന്റെ വാതിൽ കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ചു. അടൂർ കരുവാറ്റ ചാങ്കൂർ കാർമൽ വീട്ടിൽ സി.ഒ. മാത്യുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും സ്വർണ കുരിശുമാണ് മോഷണം പോയത്.
ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.വീടിൻ്റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. സംഭവ സമയത്ത് മാത്യുവും ഭാര്യ ലീലാമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: പുല്ലാളൂരിലെ വീട്ടില് നിന്ന് പണവും സ്വര്ണവും കവര്ന്ന കേസില് പ്രതി സഞ്ചരിച്ച കാര് പൊലീസ് കണ്ടെത്തി. മലപ്പുറം മേല്മുറിയില് ഉപേക്ഷിച്ച നിലയിലാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര് അന്വേഷണ സംഘം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹാനൂക് ആണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
കുരുവട്ടൂര് പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായില് കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പകല് സമയത്ത് നാടിനെ നടുക്കിയ കവര്ച്ച നടന്നത്. വീട്ടിലെ പുരുഷന്മാര് ജുമുഅ നമസ്കാരത്തിനായി പള്ളിയില് പോയ സമയത്താണ് പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടുപടിക്കലെത്തിയത്.
ഈ സമയം ഇസ്മായില് കുട്ടി ഹാജിയുടെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര് കുടിക്കാന് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ തക്കംനൊക്കി പ്രതി വീട്ടിനുള്ളില് കടക്കുകയും ഷെല്ഫില് സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവന് സ്വര്ണാഭരണങ്ങളും കവരുകയുമായിരുന്നു.
വെള്ളവുമായി തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാര് ശ്രദ്ധിച്ചത്. തുടര്ന്ന് സംശയം തോന്നി വീട്ടില് നടത്തിയ പരിശോധനയിലാണ് പണവും സ്വര്ണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ കാര് കസ്റ്റഡിയിലെടുത്ത പൊലിസ് പ്രതിക്കായി അന്വേഷണം ഊര്ജ്ജിതമാക്കി.
District News
അടൂർ: ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്നും ഓഫീസ് മുറികളുടെ വാതിലുകളും അലമാരകളും തകർത്തും സ്വർണവും പണവും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ മോഷണം. അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് ശനിയാഴ്ച പുലർച്ചയോടെ മോഷണം നടന്നത്.
പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയും ജീവനക്കാരുമാണ് മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടത്.
ഓഫീസ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും രണ്ട് ഗ്രാം വീതം തൂക്കമുള്ള എട്ട് സ്വർണത്താലികളുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന പത്ത് വഞ്ചികളും കുത്തിത്തുറന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന സഹായനിധി വഞ്ചിയും കുത്തിപ്പൊളിച്ച് പണം കവർന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നതിനാൽ വഞ്ചിയിലെ പണം എടുത്തിരുന്നില്ല.
ഓഫീസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറകളുടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഡിവിആറിന്റെ വയറുകൾ വലിച്ചുപൊട്ടിച്ച നിലയിലാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
മോഷണം ഒന്നിലധികം പേർ ചേർന്നാണെന്നാണ് പൊലിസ് നിഗമനം. ശനിയാഴ്ച ക്ഷേത്രത്തിൽ വിവാഹം ഉണ്ടാ യിരുന്നതിനാൽ പുലർച്ചെ 12.15 വരെ പന്തൽ ജോലിക്കാർ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇവർ പോയതിനുശേഷമാകാം മോഷണം നടന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രപരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ഹെൽമറ്റ് കണ്ടെത്തി. അടൂർ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
തളിപ്പറമ്പ്: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാർ (40) ആണ് പിടിയിലായത്. കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയതിനും ഇതേക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തിയ ഭക്തരുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസുകളിലുമാണ് അറസ്റ്റ്.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി. സുമേഷ്, സിഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളിൽനിന്നു മൂന്നു മൊബൈൽ ഫോണുകളും 6000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ 31നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഒമ്പതിന് ക്ഷേത്രദർശനത്തിനെത്തിയ ഒരാളുടെ മൊബൈൽ ഫോണും മേഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിൽ കടക്കുന്പോൾ പുറത്ത് ഊരിവച്ച ഷർട്ടിനകത്തുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ ദൃശ്യത്തിൽനിന്നാണു വിപിൻകുമാറിനെ തിരിച്ചറിഞ്ഞത്.
പിറ്റേന്നു രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ ഇയാൾ ദർശനത്തിനെത്തിയ ജ്യോത്സ്യൻകൂടിയായ ചിറ്റാരിക്കൽ ആലയിൽ പടിഞ്ഞാറെവീട്ടിൽ സജിൻ മോഹന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കൈക്കലാക്കി. ഷർട്ട് ഊരിവച്ച് ജ്യോത്സ്യൻ ക്ഷേത്രത്തിനകത്തു കയറിയപ്പോഴായിരുന്നു കവർച്ച.നേരത്തേയും ഇയാൾക്കെതിരേ കേസുകളുണ്ടെന്നു പൊലിസ് പറഞ്ഞു.
പൊലിസിൽ ജോലി ലഭിച്ച ശേഷം എസ്എസ്എൽസി പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത ഇയാൾ അവിടെവച്ച് പഴയൊരു വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. അവരിൽനിന്നു സ്വർണാഭരണങ്ങൾ വാങ്ങി പണയംവച്ചു.യുവതി മാനസിക സമ്മർദത്തിനിരയാകുകയും കൗൺസലിംഗിന് വിധേയമാക്കേണ്ടിവരികയും ചെയ്തു. അപ്പോഴാണ് വിപിൻകുമാർ സ്വർണം തട്ടിയെടുത്തതാണു യുവതിയുടെ അവസ്ഥയ്ക്കു കാരണമെന്നു തെളിഞ്ഞത്. അന്നൂരിൽ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പയ്യന്നൂർ പൊലീസെടുത്ത കേസിലും പ്രതിയാണ്.
Kerala
കൊച്ചി: കാഞ്ഞൂര് പാറപ്പുറം വല്ലംകടവ് കോയിക്കല് ഭഗവതി ക്ഷേത്രത്തില് മോഷണം. ക്ഷേത്രമുറ്റത്തെ മൂന്നു ഭണ്ഡാരങ്ങള് കുത്തിത്തുറന്ന് പണം കവര്ന്നു. മുന്വശത്തും പിന്വശത്തും അകത്തുമുള്ള ഭണ്ഡാരങ്ങള് കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചതായി ക്ഷേത്രം അധികൃതര് അറിയിച്ചു.
ക്ഷേത്രത്തിന്റെ രണ്ടു വാതിലുകളുടെ പൂട്ട് തകര്ത്താണ് മോഷ്ടാക്കള് അകത്തു കടന്നത്. ക്ഷേത്രത്തിനകത്തും മോഷണം നടത്താന് ശ്രമിച്ചിട്ടുണ്ട്. രണ്ടു മാസം കൂടുമ്പോഴാണ് ജീവനക്കാര് ഭണ്ഡാരം തുറന്നു പണം എടുക്കാറുള്ളത്.
ഇന്നു രാവിലെ ആറിന് ക്ഷേത്ര ജീവനക്കാരന് എത്തിയപ്പോഴാണു ഭണ്ഡാരത്തിന്റെ താഴുകള് തകര്ത്ത നിലയില് കണ്ടത്. കാലടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
National
ഗോലാഘട്ട്: ഒഎൻജിസി പൈപ്പ്ലൈനിൽനിന്നു ക്രൂഡ് ഓയിൽ മോഷ്ടിച്ച സംഭവത്തിൽ ആസാമിൽ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ.
ഗോലാഘട്ട് ജില്ലയിലെ സരുപത്താർ കോ-ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ് (സിഡിഎസ്പി) ദീപെൻ പട്ടാർ ആണ് അറസ്റ്റിലായത്. കേസിൽ ഏതാനും പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
National
ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
District News
കട്ടപ്പന: ഐടിഐ കുന്നിൽ പ്രദേശവാസികളുടെ ആറോളം ഓട്ടോറിക്ഷകളിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുള്ളിൽനിന്ന് ആർസി ബുക്കും ടൂൾസും ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്ന ബോക്സുകൾ, ഡാഷ് ബോർഡുകൾ അടക്കം മോഷ്ടാക്കൾ കുത്തിത്തുറന്നു. വിവിധ ഓട്ടോറിക്ഷകളിൽനിന്നായി 2500 ഓളം രൂപയും അപഹരിച്ചു. പുലർച്ചെ വാഹന ഉടമകൾ വാഹനത്തിന് അടുത്തെത്തിയപ്പോഴാണ് മോഷണ വിവരം
അറിയുന്നത്.
പ്ലാപ്പറ കെ.പി. സാബുവിന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന 500 രൂപയും ഓട്ടോറിക്ഷയുടെ ബുക്കും സ്പാനർ സെറ്റ് ഉൾപ്പെടെ മോഷ്ടാവ് അപഹരിച്ചു. മുല്ലശ്ശേരിയിൽ എം.എസ്. രാജേഷിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന 300 രൂപ അപഹരിച്ചു. ഡാഷ്ബോർഡും നശിപ്പിച്ചു. പ്രദേശവാസിയായ അഭിജിത്തിന്റെ വാഹനം കുത്തിത്തുറന്ന് താക്കോൽ മോഷ്ടിച്ചു.
മീൻചിറകരോട്ട് ശാലു എം. ശശിയുടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഫോൺ അപഹരിക്കുകയും വാഹനത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്തു.
താഴത്തേക്കുറ്റ് അജിൻ തോമസിന്റെ വാഹനത്തിന്റെ കണ്ണാടി, ഡാഷ് ബോഡ് എന്നിവ നശിപ്പിച്ചു. പാട്ടത്തിൽ ഗ്ലസൺന്റെ വാഹനത്തിൽ സൂക്ഷിച്ച 1500 രൂപയും അപഹരിച്ചു.
രാത്രി 12നു ശേഷമാണ് മോഷണം നടന്നത്. മറ്റൊരു വാഹനത്തിൽ മോഷണശ്രമം നടക്കുന്നതിനിടെ വീട്ടുകാർ വിവരമറിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. കാറിൽ എത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ഇവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലിസിൽ ഇവർ പരാതി നൽകി.
District News
ആലങ്ങാട്: കാരുകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം. പള്ളിയുടെ പുറത്തെ മതിലിനോടു ചേർന്നുള്ള രൂപക്കൂടിന്റെ സമീപത്തായി സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ പള്ളിയിൽ കൈക്കാരൻ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഇതേത്തുടർന്ന് കൈക്കാരൻ ഷിജു കരോട്ടുകുന്നേൽ, വൈസ് ചെയർമാൻ ടോണി ചക്യത്ത് എന്നിവർ ആലങ്ങാട് പൊലിസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പാര ഉപയോഗിച്ചാണു കുത്തിപ്പൊളിച്ചിരിക്കുന്നത്.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒട്ടേറെ മോഷണങ്ങളാണ് ആലങ്ങാട്, കരുമാലൂർ മേഖല കേന്ദ്രീകരിച്ചു നടക്കുന്നത്. അടിക്കടി മോഷണം നടക്കുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാൻ നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Kerala
കൊച്ചി: മോഷണശ്രമം തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. വ്യാഴാഴ്ച രാത്രി മകന്റെ ഭാര്യയുടെ സ്വർണമാല കവരാൻ ശ്രമിച്ച പ്രതിയെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പൊതുപൈപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ എത്തിയതായിരുന്നു യുവതി.
വെള്ളമെടുക്കുന്നതിനിടെ അക്രമി മാല പൊട്ടിക്കാൻ ശ്രമിക്കുകയും യുവതി ബഹളം വയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ സലീം മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി സലീമിന്റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്.
അറ്റുപോയ വിരലുമായി സലീമിനെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തമ്പാനൂര്: ട്രെയിൻ യാത്രികയുടെ മൊബൈല്ഫോണ് കവര്ന്നയാളെ റെയില്വേ പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (39) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലര്ച്ചെയാണ് സംഭവം.
നിസാമുദ്ദീനില് നിന്ന് തിരുവനന്തപുരത്തേക്കു വന്ന നിസാമുദ്ദീന് എക്സ്പ്രസിന്റെ എ വണ് കോച്ചിലെ യാത്രക്കാരിയുടെ 90,000 രൂപ വിലവരുന്ന വിവോ എസ് 200 ഫോണാണ് പ്രതി കവര്ന്നത്. കവര്ച്ചയുണ്ടായത് കായംകുളത്തിനും വര്ക്കലയ്ക്കും ഇടയ്ക്കാണ്. യാത്രക്കാരി നല്കിയ പരാതിയില് സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് തൃശൂരില് നിന്നാണ് മുഹമ്മദ് ഷാഫിയെ റെയില്വേ പോലീസ് പിടികൂടിയത്.
ഇയാള് സ്ഥിരം മോഷ്ടാവാണെന്നും ഒരുമാസത്തിനിടെ 10 ഓളം മോഷണക്കേസുകളില് ഇയാളുടെ പങ്കുണ്ടെന്നു തെളിഞ്ഞതായും പോലീസ് അറിയിച്ചു. റെയില്വേ പോലീസ് എസ്എച്ച്ഒ ബാലു ബി. നായര്, സ്ക്വാഡ് സി.ഐ. ജിബിന്, സിപിഒമാരായ സരിന്, ആദര്ശ് തിങ്കള്, മനോജ്, അനീഷ് എന്നിവര് അന്വേഷണസംഘത്തില് ഉണ്ടായിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
National
അഗർത്തല: ത്രിപുരയിൽ പശുമോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജലീൽ റഹ്മാൻ (45) ആണ് കൊല്ലപ്പെട്ടത്.
അഗർത്തല ജില്ലയിലെ ഗിലാടാലി സ്വദേശിയായ റഹ്മാൻ വിലകൊടുത്ത് വാങ്ങിയ രണ്ടു പശുക്കളുമായി വീട്ടിലേക്കു പോകവേ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. പൊലിസെത്തി റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Kerala
കൊല്ലം: ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം കവർച്ച നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ചവറയ്ക്ക് സമീപമുള്ള മുഖംമൂടി ജംഗ്ഷനിലെ തുണിക്കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ബൈക്കിലെത്തിയ ഇരുവരും കടയിൽ നിന്ന് തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഓണത്തിനായി കടയിൽ എത്തിച്ച പുതിയ സ്റ്റോക്കാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലിസ് പറഞ്ഞു.
Kerala
കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്ടമായിട്ടില്ല.
സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: ചാപ്പ കടപ്പുറത്ത് മോഷണം പതിവാകുന്നു. റോഡരികില് പാര്ക്ക് ചെയ്തിരുന്ന സ്കൂട്ടര് മോഷണം പോയതായി പരാതി. ഞാറക്കല് നോട്ടച്ചാം വേലിയകത്ത് നിഖിലിന്റെ സ്കൂട്ടറാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാലിപ്പുറം ചാപ്പ കടപ്പുറത്ത് റോഡരികില് പാര്ക്ക് ചെയ്തിരുന്ന സ്കൂട്ടര് പിന്നീട് കാണാതാവുകയായിരുന്നു. ഞാറക്കല് പോലീസ് പരാതിയില് അന്വേഷണം ആരംഭിച്ചു.
ഈ മാസം 20ന് എടവനക്കാട് സ്വദേശിയുടെ ആപ്പിള് ഐപാഡും മൊബൈലും ചാര്ജറുമടക്കം മോഷണം പോയിരുന്നു.
Kerala
താമരശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ. ബാലുശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്. മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാസിർ പിടിയിലായത്.
സംശയം തോന്നിയ നാട്ടുകാരാണ് യാസിറിനെ പിടികൂടിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളിൽ യാസിർ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് ക്ഷേത്രങ്ങളില് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കല് പെരുവഴികടവ് പള്ളിയറക്കല് ഭഗവതി ക്ഷേത്രത്തിലും വെള്ളനൂര് കോട്ടോല് പരദേവത ക്ഷേത്രത്തിലുമാണ് കവര്ച്ച നടന്നത്.
ഇന്ന് രാവിലെ ക്ഷേത്ര ഭാരവാഹികള് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്പ്പെട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് ശേഖരിച്ച് കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
District News
അഞ്ചല് : അഞ്ചല് ഏരൂര് പോലീസ് സ്റ്റേഷന് പരിധികളിലായി കഴിഞ്ഞ ദിവസം മൂന്നുവീടുകളില് മോഷണം നടന്നു. ഏരൂര് പോലീസ് സ്റ്റേഷന് പരിധിയില് ആലഞ്ചേരി വടക്കേവീട്ടില് ജേക്കബ് ചാക്കോ തൊട്ടടുത്ത് അഞ്ചല് പോലീസ് സ്റ്റേഷന് പരിധിയിലെ പുന്നലയത്ത് ജോണ്സണ് വില്ലയില് എബി, മുതലാറ്റ് ഇമ്മാവൂസ് വില്ലയില് തങ്കച്ചന് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
മൂന്നു വീടുകളിലേയും മുന്വശത്തെ കതക് കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള് വീടുകളിലെ മുഴുവന് അലമാരകളും മേശകളും ഉള്പ്പെടെ കുത്തിപ്പൊളിച്ചു. വസ്ത്രങ്ങളും രേഖകളും അവശ്യസാധനങ്ങള് ഉള്പ്പടെയുള്ളവയെല്ലാം നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു.
ജേക്കബ് ചാക്കോയുടെ വീട്ടില് കയറിയ മോഷ്ടാക്കള് കിടപ്പുമുറിയില് മേശക്കുള്ളില് സൂക്ഷിച്ചിരുന്ന നാലുഗ്രാം തൂക്കം വരുന്ന സ്വര്ണ കമ്മല്, 5000 രൂപ എന്നിവയും സിസിടിവിയുടെ ഡിവിആറും മോഷ്ടിച്ചു കടത്തി. വേളാങ്കണ്ണിയില് പോയി മടങ്ങിവന്ന് കതക് തുറക്കാന് ശ്രമിക്കവേയാണ് ജേക്കബ് ചാക്കോ കവര്ച്ചാ വിവരം അറിയുന്നത്.
തൊട്ടടുത്ത എബിയുടെ വീട്ടിലും കതക് പൊളിച്ച് ഉള്ളില് കടന്നെങ്കിലും കാര്യമായി ഒന്നും നഷ്്ടമായിട്ടില്ല.
തങ്കച്ചന്റെ വീട്ടിലെ മുഴുവന് അലാമരകളും പെട്ടികളും ഉള്പ്പെടെ പൊളിച്ച് പരിശോധന നടത്തിയെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും നഷ്ടമായിട്ടില്ല.
കുട്ടികള് കളിക്കാന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നോട്ടുകളും സ്പ്രേ വിദേശമദ്യം എന്നിവയും മോഷ്ടിച്ചു. വിശദമായ പരിശോധനയില് മാത്രമേ കൂടുതലായി എന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് അറിയാന് കഴിയൂവെന്ന് തങ്കച്ചന് പറഞ്ഞു.
മോഷണം നടന്ന സമയം മൂന്നുവീടുകളിലും ആളുണ്ടായിരുന്നില്ല. അതിനാല് കൃത്യമായ നിരീക്ഷണത്തിന് ശേഷമാകാം കവര്ച്ച നടത്തിയതെന്നാണ് പോലീസ് അനുമാനം.
പ്രദേശവാസികളില് ആരുടെയെങ്കിലും സഹായം മോഷ്ടാക്കള്ക്ക് ലഭിച്ചോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടാക്കളുടേതെന്ന് കരുത്തുന്ന സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്.
കൂടുതല് ഇടങ്ങളില് നിന്നുള്ള ദൃശ്യങ്ങള് പോലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ ജയിലില് നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
എന്നാല് നിരവധി വീടുകളില് മോഷണം നടന്നതോടെ ജനങ്ങള് ആശങ്കയിലാണെന്നും പോലീസ് പെട്രോളിംഗ് കൂടുതല് കാര്യക്ഷമമാക്കി പ്രതികളെ പിടികൂടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്ന് പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് ആര്.രാജീവ് ആവശ്യപ്പെട്ടു.
Kerala
ചാരുംമൂട്: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ പാദസരം മോഷ്ട്ടാവ് അപഹരിച്ചു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയിൽ അനിലിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെകാലിൽ കിടന്ന സ്വർണ പാദസരങ്ങളിൽ ഒന്നാണ് അതി വിദഗ്ധമായി അപഹരിച്ചത്. വീടിന്റെ ജനാലയോട് ചേർന്നാണ് ഇവർ കിടന്നിരുന്നത്. പുറത്തെത്തിയ മോഷ്ടാവ് ജനാലയുടെ കൊളുത്തുള്ള ഭാഗം തടി തുളയ്ക്കുന്ന തമിര് ഉപയോഗിച്ച് തുരന്ന് ജനാലപാളി തുറക്കുകയും പാദസരംകട്ട് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
പുലർച്ചെ മൂന്നോടെ ഇവർ ഉണർന്ന ശേഷമാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ടതറിയുന്നത്. വീടിനുള്ളിൽ കാണുമെന്ന് കരുതി തെരഞ്ഞെങ്കിലും കിട്ടിയില്ല. രാവിലെ ജനൽ ഭാഗത്ത് നോക്കുമ്പോഴാണ് കൊളുത്തിന്റെ ഭാഗത്ത് ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നൂറനാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പോലീസെത്തി പരിശോധന നടത്തി. വീടിന്റെ തെക്കുവശത്ത് മോഷ്ടാവിന്റെതെന്ന് കരുതുന്ന കാൽപ്പാടുകൾ കാണാമായിരുന്നു. മുമ്പ് സമാനമായ രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: താമസക്കാര് പുറത്തുപോയ സമയത്ത് വാടക വീട്ടില് നിന്നും മൊബൈല് ഫോണ് കവര്ന്നതായും ഇലക്ട്രോണിക് ഉപകരണങ്ങള് നശിപ്പിച്ചതായും പരാതി. ഫ്രിഡ്ജ്, ടിവി, തയ്യല് മെഷീന് എന്നിവയ്ക്കാണ് കേടുപാട് വരുത്തിയത്.
ഞാറക്കല് അപ്പങ്ങാട് സുകേഷിന്റെ വീട്ടില് വാടകക്ക് താമസിക്കുന്ന എളങ്കുന്നപ്പുഴ പുത്തന്പുരക്കല് വിഷ്ണുവാണ് പരാതി നല്കിയിരിക്കുന്നത്. തിരുവോണ നാളില് വൈകുന്നേരം ആയിരുന്നു സംഭവം.
10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിഷ്ണു ഞാറക്കല് പോലീസിനു നല്കിയ പരാതിയില് പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മാനന്തവാടി: തവിഞ്ഞാല് യവനാര്കുളത്തെ മിനി സൂപ്പര്മാര്ക്കറ്റില് മോഷണം നടത്തിയയാള് പിടിയില്. മലപ്പുറം കീഴാറ്റൂര് പട്ടിക്കാട് കാരാടാന് വീട്ടില് മൊയ്തീന് കുട്ടി(49) ആണ് പിടിയിലായത്.
ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്ന്ന് പെരിന്തല്മണ്ണയില് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്ധരാത്രിയാണ് മോഷണം നടന്നത്.
സൂപ്പര് മാര്ക്കറ്റിന്റെ പിറക് വശത്തെ വാതില് തകര്ത്ത് അകത്ത് കയറി മേശയില് സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്സ്പെക്ടര്മാരായ കെ. ശ്രീതു, തോമസ്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ ജില്ജിത്, അനസ്, വിജയന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
ചാവക്കാട്: ആളില്ലാത്ത സമയത്ത് ബ്ലാങ്ങാട്ടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കർണാടക സ്വദേശികളായ രണ്ടംഗസംഘത്തെ ബ്ലാങ്ങാട്ടത്തിച്ച് തെളിവെടുപ്പുനടത്തി. കർണാടക കൊടുചാമുണ്ഡി നഗർ സ്വദേശി പ്രസാദ്(48), മൈസൂർ എച്ച്ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന ഫയാസ് അഹമ്മദ് (57) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ അബ്ദുൾ കരീമിന്റെ വീട്ടിൽ കഴിഞ്ഞമാസം 12നാണ് മോഷണംനടന്നത്. തൃശൂരിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം, വൈകിട്ടുപോയി രാത്രി ഒമ്പതിന് തിരിച്ചെത്തുമ്പോഴെക്കും മോഷണംനടന്നു. വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരങ്ങൾ, മാല, ലോക്കറ്റ്, സ്വർണക്കോയിനുകൾ തുടങ്ങി ആറരപവന്റെ ആഭരണം 5,500 രൂപ എന്നിവയാണ് സംഘം കവർന്നത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. മറ്റൊരു കവർച്ചാക്കേസിൽ കർണാടക പോലീസ് ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ബ്ലാങ്ങാട് കവർച്ച നടത്തിയത് ഇവരാണെന്ന് അറിഞ്ഞത്.
കർണാടക കോടതിയിൽ ചാവക്കാട് പോലീസ് അപേക്ഷ സമർപ്പിച്ചു കർണാടക ജയിലിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തെളിവെടുപ്പിനായി ബ്ലാങ്ങാട് കൊണ്ടുവന്നത്.
District News
മുക്കം: അടുത്തിടെയായി മോഷണങ്ങൾ തുടർക്കഥയായ മുക്കത്തും പരിസര പ്രദേശങ്ങളിലും ജനങ്ങൾ ആശങ്കയിൽ. മുക്കം കാഞ്ഞിരമുഴി രവിപുരം ശിവക്ഷേത്രത്തിലാണ് അവസാനമായി മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി.
കഴിഞ്ഞ ദിവസം പുലർച്ചെ ക്ഷേത്ര ശാന്തി പൂജക്കായി എത്തിയപ്പഴാണ് മോഷണവിവരമറിയുന്നത്. ക്ഷേത്രത്തിന്റെ അകത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിയത്. മോഷണം പോയ ഭണ്ഡാരങ്ങളിൽ പതിനായിരത്തിൽ താഴെ പണമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മുക്കം പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ളതാണ് രവിപുരം ശിവക്ഷേത്രം.
District News
കൊല്ലം: മരുന്ന് വാങ്ങിക്കാനെന്ന വ്യാജേന മെഡിക്കല് സ്റ്റോറിലെത്തി പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസില് കുപ്രസിദ്ധ കുറ്റവാളിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര, കന്നിമേല്ചേരി, തോട്ടത്തില് വീട്ടില് സുനില് (40) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒമ്പതിനു വൈകിട്ട് ആറുമണിയോടെ പള്ളിമുക്ക്, കൊല്ലൂര്വിള പള്ളിക്ക് സമീപമുള്ള മെഡിക്കല് സ്റ്റോറില് മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി, ക്യാഷ് കൗണ്ടറിന് മുകളില് വച്ചിരുന്ന പണവും ആധാര് കാര്ഡും ബാങ്ക് കാര്ഡുകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്ന്ന് കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റര് ചെയ്ത ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, നരഹത്യാശ്രമം ഉള്പ്പെടെയുള്ള നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ് സുനില്. കൂടാതെ കാപ്പാ നിയമപ്രകാരവും ഇയാള്ക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇരവിപുരം പൊലീസ് സബ് ഇന്സ്പെക്ടര് മാരായ അഭിഷേക് , വിപിന് എന്നിവരുടെ നേതൃത്വത്തില് സിപിഓമാരായ സജിന് ചന്ദ്രന്, വൈശാഖ്, അല്സോഫീര് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെ കവർന്നു. ബിവറേജസിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
District News
വണ്ടിപ്പെരിയാര്: പശുമല എസ്റ്റേറ്റിനോടുചേര്ന്ന ഭാഗത്തുനിന്ന് ചന്ദനമരം മോഷ്ടിച്ച സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ നെല്ലിമല എസ്റ്റേറ്റിന്റെ അതിര്ത്തി പ്രദേശങ്ങളില്നിന്നും മ്ലാമല പ്രദേശത്തുനിന്നും ചന്ദനം മോഷണം പോയിരുന്നു.പ്രതികളെ സംബന്ധിച്ച് ഇതുവരെയും ഒരുതുമ്പും കണ്ടെത്താന് പോലീസിന് കഴിഞ്ഞിട്ടില്ല.
ചന്ദനമോഷണം തുടര്ക്കഥയാകുന്ന സാഹചര്യത്തില് ശക്തമായ നിരീക്ഷണവും കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടിയും വനംവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Kerala
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയായ യുവതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെയാണ് (48) കണ്ണൂർ ടൗൺ പോലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടിയത്.
താഴെ ചൊവ്വ കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകൾ നിലയിൽ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ചാണ് സവിതയും കേസിലെ മറ്റൊരു പ്രതിയായ ഷിനേഷും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്.
വയോധികയ്ക്ക് സഹായത്തിനെന്ന വ്യാജേനയാണ് ഇവര് വീട്ടില് അടുപ്പം സ്ഥാപിച്ചത്. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി, സവിതയുടെ നിർദേശപ്രകാരം കൂടെയുണ്ടായിരുന്ന ഷിനേഷ് (52) മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല കവരുകയായിരുന്നു.
മോഷണത്തിന് ശേഷം ഇരുവരും ചേർന്ന് ഈ മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റ് പണമാക്കി മാറ്റി. തുടക്കത്തിൽ ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് സവിത ഉറച്ചുനിന്നത്. എന്നാൽ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇവർ നാടുവിടുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ടൗൺ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവിതയെ അന്വേഷണ സംഘം വളഞ്ഞ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സവിതയെ റിമാൻഡ് ചെയ്തു.
District News
കൊയിലാണ്ടി: സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി കവർച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ രണ്ട് മെഡിക്കൽ ഷോപ്പുകളിലാണ് മോഷണം നടന്നത്.
ജൂലൈ 31ന് ന്യൂ സ്റ്റേഡിയം മെഡിക്കൽസിൽ നിന്നും സിഎച്ച് സെന്ററിന്റെ സംഭാവനപെട്ടിയാണ് നഷ്ടപ്പെട്ടത്. കടയിലെത്തിയ ഒരാൾ ചുറ്റുപാടുകൾ നിരീക്ഷിച്ച് ചാരിറ്റി ബോക്സുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് ജൂലൈ 28ന് സ്റ്റേഡിയം കോംപ്ലക്സിലെ തന്നെ സിറ്റി മെഡിക്കൽസിൽ നിന്നും സമാനമായ രീതിയിൽ പെട്ടി നഷ്ടപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളും വൈകുന്നേരം ഏഴിനും എട്ടിനും ഇടയിലാണ് നടന്നിട്ടുള്ളത്. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ അതോ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് വ്യാപാരികൾ.
District News
പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില് മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില് ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര് പുതയത്ത്മോളേല് ബിബിന്റെയും വീടുകളിലെ കിണറുകളില് നിന്ന് മോട്ടോര് പമ്പുസെറ്റും മോഷണം പോയി.
ആയവന പഞ്ചായത്തിലെ മണപ്പുഴ കടാംകുളം ജോര്ജിന്റെ വീട്ടില് നിന്നും കഴിഞ്ഞ ദിവസം മോട്ടോര് പന്പ് മോഷണം പോയിരുന്നു. പല്ലാരിമംഗലം പഞ്ചായത്തില് മോഷണവും മോഷണ ശ്രമങ്ങളും വര്ധിച്ചിരിക്കുന്ന സാഹചര്യത്തില് രാത്രികാല പോലീസ് പട്രോളിംഗ് ഊര്ജിതമാക്കണമെന്നും മോഷ്ടാക്കളെ ഉടന് പിടികൂടണമെന്നും നാട്ടുകാര് ആവശ്യപ്പെട്ടു.
District News
വടക്കഞ്ചേരി: മഞ്ഞപ്ര ശ്രീകുറുമാലിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളാണ് തകർത്തിരിക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രംതുറക്കാൻ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
കഴിഞ്ഞ ആഴ്ച ഭണ്ഡാരം തുറന്ന് പണം എടുത്തതിനാൽ കാര്യമായ തുക നഷ്ടപ്പെടാൻ സാധ്യതയില്ലെന്നു ക്ഷേത്രം അധികൃതർ പറഞ്ഞു.
District News
നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിൽ ഏലത്തോട്ടങ്ങളിൽനിന്നും സ്റ്റോറുകളിൽനിന്നും ഏലക്കാ മോഷണം വ്യാപകമാകുന്നു. ഏലക്കായ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്ന സാഹചര്യത്തിലാണ് മോഷണം രൂക്ഷമായിരിക്കുന്നത്. രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ കയറി ഏലക്ക കവരുന്ന സംഘങ്ങളും സജീവമാണ്. ഡ്രയറുകളിൽ ഉണക്കാനിട്ടിരിക്കുന്ന ഏലക്കയും വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സ്റ്റോറുകളുമാണ് പ്രധാനമായും മോഷ്ടാക്കളുടെ ലക്ഷ്യം.
സമീപകാലത്തായി വണ്ടൻമേട്, കമ്പംമെട്ട്, ശാന്തൻപാറ, നെടുങ്കണ്ടം മേഖലകളിൽനിന്ന് സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് ഏലം ഗ്രേഡിംഗ് സെന്റർ കുത്തിപ്പൊളിച്ച് ഏലക്ക മോഷ്ടിച്ചിരുന്നു. ശബ്ദം കേട്ട് സമീപവാസി ഉണർന്നതോടെ മോഷ്ടിച്ച ഏലക്ക സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
കഴിഞ്ഞയാഴ്ച പാമ്പാടുംപാറയിൽനിന്ന് പച്ച ഏലക്ക മോഷണം പോയിരുന്നു. ശരം മുറിച്ച് ചാക്കുകളിലാക്കി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽവച്ച് കായ പറിച്ചുകൊണ്ടുപോകുകയാണ് പതിവ്. ഇത്തരം സംഘങ്ങൾ ഏലം മേഖലയിൽ സജീവമാണ്.
രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷണസംഘങ്ങളെ ഉടൻ പിടികൂടണമെന്നുമാണ് കർഷകരുടെ ആവശ്യം.
Kerala
മൂവാറ്റുപുഴ: ജാതിക്കയോടൊപ്പം അബദ്ധത്തിൽ കൈക്കലാക്കിയ സ്കൂട്ടറിന്റെ താക്കോൽ മോഷ്ടാവ് തിരികെ എത്തിച്ചു. മൂവാറ്റുപുഴ കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ജോയിയുടെ വീട്ടിൽ എത്തിയ മോഷ്ടാവ് രണ്ട് കിലോയോളം ജാതിക്കയും അത് ഇട്ടിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കുകയായിരുന്നു. എന്നാൽ ജാതിക്കയോടൊപ്പം ചട്ടിയിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോലും കള്ളന്റെ കൈയിലായി.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷം രാവിലെ വീട്ടുകാർ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളി മാറ്റുന്നതിനിടെ അതിന്റെ അറ്റത്ത് കള്ളൻ സ്കൂട്ടറിന്റെ താക്കോൽ കെട്ടിവച്ചിരുന്നു.
District News
മൂവാറ്റുപുഴ: പഴയ വാഹനങ്ങളുടെ സ്പെയര് പാര്ട്സ് വില്ക്കുന്ന കടയില് നിന്നും മോഷണം നടത്തിയ കേസില് രണ്ടു പേര് പോലീസ് പിടിയില്. ചെറുവട്ടൂര് പഴയവീട്ടില് മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലില് രാഹുല്(മുന്ന-29) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പേഴയ്ക്കാപ്പിള്ളിയില് പ്രവര്ത്തിക്കുന്ന കടയില് നിന്നും ഇന്നലെ പുലര്ച്ചെ സ്പെയര് പാർട്സുകള് മോഷ്ടിക്കുന്നതിനിടെ നാട്ടുകാര് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളില് നിരവധി കേസുകളില് ഉള്പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ പി.എം. റാസിഖ്, എം.എം. ഉബൈസ്, പി.എം. മുഹമ്മദ്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ ടി.ഒ. ജിജു, പി.കെ. സനൂപ്, കെ.പി. നിസാര്, കെ.എ. ഷിഹാബ് എന്നിവരാണ് അന്വേഷണം നടത്തിയത്.
District News
പിഴക്: രാമപുരം കവലയില് പ്രവര്ത്തിക്കുന്ന തട്ടുകടയില് മോഷണം. ചൊവ്വാഴ്ച രാത്രി 11.30 യോടെയാണ് കവര്ച്ച നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. യുവാക്കളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.
പിഴക് സ്വദേശിയായ ഷോബി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തട്ടുകട. സമീപവാസിയായ ബാബു എന്നയാളാണ് നിലവില് ദിവസ വാടകയ്ക്ക് തട്ടുകട നടത്തുന്നത്. ഇന്നലെ കട നേരത്തേ അടച്ചിരുന്നു. കടയുടെ മുന്വശം ഷട്ടറിന് പകരം ഗ്ലാസ് കൊണ്ടുള്ള ഡോറാണുള്ളത്. രാത്രി 11.15ന് തട്ടിന്റെ വശത്തെ ഗ്ലാസ് ഡോര് ഇളക്കിമാറ്റിയാണ് യുവാക്കള് അകത്തു കടന്നത്.
മുഖംമൂടി ധരിക്കാത്തതിനാല് യുവാക്കളുടെ മുഖം വ്യക്തമാണ്. മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. മോഷണത്തിനിടയില് സിസിടിവി കാമറ മറച്ചുവയ്ക്കുകയും ചെയ്തു. ബാബു നിലവില് സ്ഥലത്തില്ല. കടയുടമയായ ഷോബി രാമപുരം പോലീസില് പരാതി നല്കി.
പിഴക് പ്രദേശത്ത് മോഷണങ്ങള് വര്ധിച്ചുവരുന്നതായി പ്രദേശവാസികള് പറയുന്നു. വ്യാപാര സ്ഥാപനങ്ങളിലും സ്കൂളിലുമടക്കം മോഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ലഹരി സംഘങ്ങളും ഇത്തരം മോഷണങ്ങള്ക്കു പിന്നിലുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
Kerala
പാലാ: പാലായിൽ തട്ടുകടയിൽ മോഷണം നടത്താൻ കയറിയ യുവാക്കൾ കാമറയിൽ കുടുങ്ങി. പാലാ - തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
ഈ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കടയിൽ സിസി ടിവി ഉള്ള കാര്യം ശ്രദ്ധയിൽപ്പെടാതെയാണ് മോഷ്ടാക്കൾ കയറിയെന്നു കരുതുന്നു. കടയിൽ കുറെ സമയംചെലവഴിച്ച ഇവർ മേശയിലും അലമാരയിലുമെല്ലാം പരിശോധിക്കുന്നതും ചില സാധനങ്ങൾ പോക്കറ്റിലാക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
കുറെനേരം കഴിഞ്ഞാണ് കാമറ ഇവരുടെ കണ്ണിൽപ്പെടുന്നത്. ഇതോടെ കാമറ ഒരു വശത്തേക്കു തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മോഷണം. പിഴക് സ്വദേശി ഷോബിയുടെ ഉടമസ്ഥതയിലുള്ള കട ബാബു എന്നയാളാണ് ഇപ്പോൾ നടത്തുന്നത്.
മോഷണം നടന്ന ദിവസംകട നേരത്തെ അടച്ചതായി പറയുന്നു. ഗ്ലാസ് ഡോർ ആണ് കടയ്ക്ക് ഉള്ളത്. ചായത്തട്ട് ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ് ഡോർ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
അടൂർ: ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് ഓട്ടുരുളിയും വാർപ്പും മോഷ്ടിച്ചു. ഇളങ്ങമംഗലം രാജ് നിവാസിൽ റിട്ട. എസ്ഐ രാജശേഖരൻപിള്ളയുടെ പഴയ വീട്ടിലാണ് സംഭവം.
അടുക്കള ഭാഗത്തെ ജനലഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും വാർപ്പുമാണ് മോഷണം പോയത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടുകാർ പഴയ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം അതിനു മുമ്പ് നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞതിനെത്തുടർന്ന് കുടുംബം താമസം മാറിയതിനാൽ പഴയ വീട് ആൾത്താമസമില്ലാതെ കിടക്കുകയായിരുന്നു. സംഭവത്തിൽ ഏനാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: പ്രിയദർശിനി ബസിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും രണ്ട് പവന്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്.
ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്.
ഉടന് തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന് തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന് കണ്ടക്ടര് ഡ്രൈവര്ക്ക് നിര്ദേശം നല്കി. തുടര്ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പോലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല് പണം കണ്ടെത്താന് കഴിഞ്ഞില്ല.
District News
പിറവം: ടൗണിലെ പിഷാരു കോവിൽ ദേവീ ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. ഭണ്ഡാരം ഇ ടിച്ചു പൊളിക്കാനുള്ള ശ്രമത്തനിടയിൽ മേൽശാന്തി ഉണർന്നെഴുന്നേറ്റു വന്നപ്പോൾ മോഷ്ടാവ് ഓടിമറഞ്ഞു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ടൗണിൽ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് രാത്രി തന്നെ പ്രതിയെ പിടികൂടി. പത്തനംതിട്ട ആറന്മുള സ്വ ദേശിയായ മനോജാണ് (21) പിടിയിലായത്.
ടൗണിൽ രാത്രി പട്രോളിംഗിറങ്ങിയ പോലീസ് സംഘം സംശയാസ്പദമായ നിലയിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അടുത്ത സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മനോജ് ആറന്മുളയിൽ അനാഥാലയത്തിലാണ് വളർന്നതും പഠിച്ചതും. പത്താം ക്ലാസ് പാസായ യുവാവ് ഏതാനും ദിവസം മുമ്പാണ് തൊഴിൽ തേടി പിറവത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവ് ക്ഷേത്ര മതിൽക്കകത്തെ എല്ലാ ഭണ്ഡാരത്തിനടുത്തും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പിഷാരു കോവിലിൽ ഏതാനും മാസം മുമ്പ് മോഷണം നടത്തിയ മറ്റൊരു യുവാവിനെ നിരീക്ഷണ കാമറാ ദൃശ്യങ്ങളുടെ അടി സ്ഥാനത്തിൽ പോലീസ് പിടികൂടിയിരുന്നു.
District News
കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷണ പരമ്പര. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില് എളമ്പ്ര ശ്രീധര്മശാസ്താ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്ത്ത് പണം മോഷ്ടിച്ചു. ഒരുമാസം മുമ്പും ഇതേ ഭണ്ഡാരം കവര്ച്ച ചെയ്യപ്പെട്ടിരുന്നു.
നങ്ങേലിപ്പടിയിലെ ഏദന്സ് ബേക്കറിയിലും കഴിഞ്ഞ ദിവസം കവർച്ച നടന്നു. ബീഡി, സിഗററ്റ്, പണം, മിഠായികള് എന്നിവയാണ് ഇവിടെ നിന്നു കവര്ന്നത്.
കടയുടെ ഒരു വശത്തെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് ഉടമ സുജിത്ത് പറഞ്ഞു. മറ്റ് മൂന്ന് സ്ഥാപനങ്ങളില് നിന്ന് വൈദ്യുതി കണക്ഷനില് ഏര്ത്തിനായി ഉപയോഗിക്കുന്ന ചെമ്പ് കമ്പി യാണ് മോഷ്ടിക്കപ്പെട്ടത്. സമീപ ദിവസങ്ങളിലായിരുന്നു ഇവിടുത്തെ മോഷണവും. മോഷണപരമ്പരയെ തുടര്ന്ന് നാട്ടുകാര് ആശങ്കയിലാണ്. പോലിസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്ക്കുണ്ട്.
എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാന് പോലീസ് തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മതിലകം: കോതപറമ്പ് വാസുദേവവിലാസം യുപി സ്കൂളിലെ സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ടുപൊളിച്ച് കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിയും പാത്രങ്ങളും കവർന്ന കേസിൽ രണ്ടാം പ്രതിയായ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നാഗോൺ ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ഇക്രമുൾ ഇസ്ലാമിനെ(20)യാണ് അറസ്റ്റ് ചെയ്തത്.
സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ചു ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ആസാം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) കഴിഞ്ഞദിവസം പിടിയിലായിരുന്നു. താജുദ്ദീനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.
മതിലകം പോലീസ് സ്റ്റേഷൻ എസ്ഐ നസിയ എം.ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, സീനിയർ സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.